അടിമാലി : കോതമംഗലത്തു നിന്ന് മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ജംഗിൾ സഫാരിക്കുള്ള സഞ്ചാരികളുടെ ബുക്കിങ്ങിൽ അമ്പരന്ന് അധികൃതർ. ആഴ്ചയിൽ 40 സഞ്ചാരികളുടെ ബുക്കിങ് ലഭിക്കുകയാണെങ്കിൽ ഞായറാഴ്ച തോറും ഒരു വാഹനം സർവീസ് നടത്തുന്നതിനാണ് കെഎസ്ആർടിസി അധികൃതർ തീരുമാനിച്ചിരുന്നത്. 250 പേർ എത്തിയതോടെ ഇന്നലെ മാത്രം സർവീസ് നടത്തിയത് 5 ബസുകൾ.
കോതമംഗലത്തു നിന്ന് പഴയ ആലുവ– മൂന്നാർ റോഡിന്റെ ഭാഗമായ കുട്ടമ്പുഴ, മാമലക്കണ്ടം എത്തി പഴമ്പിള്ളിച്ചാൽ, പടിക്കപ്പ്, ഇരുമ്പുപാലം, മച്ചിപ്ലാവ്, കൊരങ്ങാട്ടി, പീച്ചാട്, മാങ്കുളം, ആനക്കുളം എത്തി തിരികെ മാങ്കുളം, വിരിപാറ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തിച്ചേരും വിധമാണ് ജംഗിൾ സഫാരി ക്രമീകരിച്ചിട്ടുള്ളത്. തുടർന്ന് കൊച്ചി– ധനുഷ്കോടി ദേശീയ പാതയിലെ കല്ലാർ, അടിമാലി, നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരും.
തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതോടെ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തുന്നതിന് അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ മാത്രം 5 സർവീസിനുള്ള ബുക്കിങ് ഉണ്ടായത് കെഎസ്ആർടിസിയെ പോലും അമ്പരപ്പിച്ചു. രാവിലെ 8ന് ആരംഭിച്ച് രാത്രി 7ന് കോതമംഗലത്ത് തിരികെ എത്തും വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ഉച്ച ഭക്ഷണം, ലഘു ഭക്ഷണം ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് കൂടിയാലും ഒരു ദിവസം മാങ്കുളത്ത് താമസിച്ച് ആനക്കുളത്ത് എത്തുന്ന കാട്ടാനകളെ നേരിൽ കണ്ടും കാനന ഭംഗിയും, വെള്ളച്ചാട്ടങ്ങളും കണ്ട് മൂന്നാറിലേക്ക് പോകും വിധം സർവീസ് പുനഃക്രമീകരിക്കണം എന്ന ആവശ്യമാണ് സഞ്ചാരികൾ മുന്നോട്ടു വയ്ക്കുന്നത്.

















