കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റിവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്.
നെടുമ്പാശ്ശേരിയിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാ കളക്ടറും ഡിഎംഒയും അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എറണാകുളത്ത് ഇന്നലെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഇനി കർശനമാകും. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാനാകൂ. യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റോ ആർടിപിസിആർ പരിശോധനയോ നടത്താം. പരിശോധനാഫലം പരമാവധി മൂന്ന് മണിക്കൂറിനുള്ളിൽ ലഭിക്കും. തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ ഏഴ് സ്വകാര്യ ആശുപത്രികളും പരിശോധനകളിൽ സഹകരിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സീൻ എല്ലാവർക്കും ഉറപ്പാക്കാനാണ് ഇപ്പോൾ സർക്കാരിൻറെ ഏറ്റവും വലിയ ശ്രമമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്നവർ കേന്ദ്രസർക്കാറിൻറെ പ്രത്യേക നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറൻറൈനിൽ കഴിയണമെന്നാണ് ചട്ടം. 7 ദിവസം ഹോം ക്വാറൻറൈനിൽ കഴിഞ്ഞ ശേഷം വീണ്ടും ആർടിപിസിആർ എടുത്ത് നെഗറ്റീവെങ്കിൽ 7 ദിവസം കൂടി ക്വാറൈൻറൈനിൽ കഴിയണമെന്നാണ് നിർദ്ദേശം നൽകുന്നത്. വിമാനത്താവളത്തിൽ നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവെങ്കിൽ ഉടൻ കൊവിഡ് കെയർ സെൻററിലേക്ക് മാറ്റും. ഏത് വൈറസെന്ന് സ്ഥിരീകരിക്കാൻ പോസിറ്റിവായവരിൽ കൂടുതൽ പരിശോധനകളും നടത്തുന്നുണ്ട്.
നാലായിരത്തിലധികം പേർ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരിച്ചാകും നിരീക്ഷണസംവിധാനങ്ങൾ കടുപ്പിക്കുക.

















