ചെന്നൈ: തമിഴ്‌നാട് ധർമപുരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ റാഗിങ്ങിനിരയായ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കൽ സ്വദേശിയായ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥിയെ റാഗ് ചെയ്ത നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. നാലുപേരും മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്.
ഡിസംബർ അഞ്ചാം തീയതിയാണ് വിദ്യാർഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതോടെയാണ് കോളേജിലെ റാഗിങ് പുറത്തറിയുന്നത്. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അധികൃതർ നാല് വിദ്യാർഥികൾക്കെതിരേ നടപടി സ്വീകരിച്ചത്. കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തതിന് പുറമേ ഹോസ്റ്റലിൽനിന്നും ഇവരെ പുറത്താക്കിയിട്ടുണ്ട്. സംഭവത്തിൽ കോളേജ് ഡീനിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
അതിനിടെ, റാഗിങ് വിവരം നേരത്തെ അറിഞ്ഞിട്ടും കോളേജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഒരാഴ്ച കഴിഞ്ഞാണ് നടപടിയുണ്ടായതെന്നും ആക്ഷേപമുണ്ട്. റാഗിങ് നടന്നതായി വിവരം ലഭിച്ചാൽ അത് മറച്ചുവെയ്ക്കുന്നതും പരാതി പോലീസിന് കൈമാറാതിരിക്കുന്നതും കുറ്റകരമാണ്. ഇതനുസരിച്ച് കോളേജ് അധികൃതർക്കെതിരേയും നടപടിയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വിദ്യാർഥി ആദ്യം പരാതി നൽകിയിരുന്നെങ്കിലും പിന്നീട് പരാതി പിൻവലിച്ചെന്നാണ് കോളേജ് ഡീനിന്റെ വിശദീകരണം.
















