പത്തനംതിട്ട: സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ പോലീസ് ആവശ്യപ്പെടില്ല. കൊലപാതകത്തിൻ്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോശാധിക്കുകയാണ്.
ഒന്നാം പ്രതി ജിഷ്ണുവിൻ്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെങ്കിലും മറ്റ് നാല് പ്രതികൾക്കും കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷിനെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ വാങ്ങും. അരുൺ എന്നയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഇയാൾ നിലവിൽ മാവേലിക്കര ജയിലിൽ റിമാൻഡിലാണ്. ഡിസംബർ രണ്ടിനാണ് സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.

















