തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്ന ഇന്ന് പിജി ഡോക്ടർമാർ സെക്രട്ടേറിയേറ്റ് മാർച്ചും നടത്തും.
ഹൗസ് സർജൻമാർ അടിയന്തര, കോവിഡ് വിഭാഗങ്ങളിലൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പിജി അധ്യാപകരായ ഡോക്ടർമാർ ഇന്ന് മൂന്ന് മണിക്കൂർ ഓപി ബഹിഷ്കരിക്കും. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപൻഡ് പരിഷ്കരണം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തിരക്കുകുറവുള്ള വിഭാഗങ്ങളിൽ നിന്ന് ഡോക്ടർമാരെ പുനഃക്രമീകരിച്ച് പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം.

















