തിരുവനന്തപുരം: ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതോടെ അതിജാഗ്രതയില്‍ സംസ്ഥാനം. എത്തിഹാദ് വിമാനത്തിലെ സഹയാത്രികര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യുകെ സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാഫലവും പ്രതീക്ഷിക്കുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച യുകെയില്‍ നിന്നെത്തിയ 39 കാരൻ്റെ ആരോഗ്യനില തൃപ്തികരണമാണ്.
അബുദാബി വഴി എത്തിഹാദ് ഇ വൈ 280 വിമാനത്തിലാണ് ആറാം തീയതി നെടുമ്പാശേരിയിലിറങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം കേരളത്തിലെത്തിയതിൻ്റെ എട്ടാം ദിവസമായ ഇന്ന് വിമാനത്തിലെ സഹയാത്രികര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.
പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് ടാക്‌സി ഡ്രൈവറും ഭാര്യാ മാതാവും മാത്രമാണെന്നത് ആശ്വാസമാണ്. ഒപ്പം യാത്ര ചെയ്ത ഭാര്യയ്ക്കും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചു. സ്രവ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടിയ പകര്‍ച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വരാനുളള സാധ്യത എന്നിവ കണക്കിലെടുത്താണ് ഒമിക്രോണിനെതിരെ അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. മരണങ്ങളിലും മുന്നില്‍. ഇതിനൊപ്പം ഒമിക്രോണ്‍ ഭീഷണി കൂടിയാകുമ്പോള്‍ മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന പാഠങ്ങളിലേയ്ക്ക് മടങ്ങണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശം.

















