ബംഗളൂരു : കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. ബെൽഗാവിയിൽ ആണ് സംഭവം. സെന്റ് ജോസഫ്‌സിന്റെ ദ വർക്ക് ചർച്ച് ഫാ. ഫ്രാൻസിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയാണ് അക്രമി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നായയുടെ കുരകേട്ട് പുറത്തിറങ്ങിയ ഫ്രാൻസിസിനെ അക്രമി വെട്ടിവീഴ്‌ത്താൻ ശ്രമിക്കുകയായിരുന്നു. വാളുമായി അക്രമി അടുത്തേക്ക് വരുന്നതു കണ്ട് പുരോഹിതൻ നിലവിളിച്ച് അയൽപക്കത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.
അതേസമയം, കർണാടകയിൽ ക്രിസത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികൾ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് കോലാറിൽ കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
















