തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭിന്നത ഉണ്ടാകരുത് എന്നതുകൊണ്ടാണ് ചാന്‍സലര്‍ പദവി വേണ്ടാ എന്നുപറഞ്ഞത്. ചാന്‍സലര്‍ വിഷയത്തില്‍ കത്തയച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമനം അംഗീകരിക്കേണ്ടി വന്നത് സമ്മര്‍ദം മൂലമാണ്. കാലടി സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒറ്റപ്പേര് താന്‍ അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന നിലയില്‍ ഒരിക്കലും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ഓപ്പണ്‍ സര്‍വകലാശാലയില്‍ അധ്യാപകരെ നിയമിക്കാന്‍ ഒരു വര്‍ഷം എടുത്തുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഓർഡിനൻസിൽ ഒപ്പിടാമെന്ന തീരുമാനം ഇപ്പോഴും ആവർത്തിക്കുന്നു. തുടർന്ന് സർക്കാരിന് ഇഷ്ടമുള്ളത് ചെയ്യാം. സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല. മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങളിലൂടെ ഒന്നും പറയാനില്ല. ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾ അരുതെന്ന് നിരവധി തവണ ആവർത്തിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
മാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുമായോ, സർക്കാരുമായോ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞതുകൊണ്ടാണ് സംസാരിക്കാൻ തയ്യാറായത്. മുഖ്യമന്ത്രിയ്‌ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ വിസിയ്‌ക്കുള്ള നിയമനത്തിൽ ഒപ്പുവെച്ചത്. സംഘർഷം ഒഴിവാക്കാനായിരുന്നു ഇത്. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിയാത്തതിനാലാണ് കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ നേരിട്ട് മറുപടി ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സിലറുടെ അധികാരം സര്‍ക്കാര്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ചാന്‍സിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ളത്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കില്‍ വ്യക്തിപരമായി പറഞ്ഞ് തീര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

















