ഇടുക്കി: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടമലക്കുടിക്കാരെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് ഇടതു സർക്കാരാണ്. അവിടെയാണ് ഇപ്പോൾ ബിജെപി വന്നിരിക്കുന്നത്. ചരിത്ര ബോധമില്ലാത്ത വിഡ്ഢികളാണ് അവിടെയുള്ളതെന്നും മണി പറഞ്ഞു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടമലക്കുടിയിലെ ബിജെപി വിജയത്തെ പരിഹസിച്ചാണ് മൂന്നാർ ഏരിയ സമ്മേളനത്തിൽ മണിയുടെ വിമർശനം. എത്ര കോടി രൂപ മുടക്കിയാണ് ഇടമലക്കുടിയിൽ എൽഡിഎഫ് സർക്കാർ വൈദ്യുതി എത്തിച്ചതെന്ന് ഇവർക്ക് അറിയാമോ? ഇനി ബിജെപി വന്ന് നന്നാക്കട്ടെയെന്നും മണി പറഞ്ഞു.
ഇതിനെതിരെ ബിജെപി രംഗത്തെത്തി. മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് ബിജെപി നേടിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് പിടിച്ചെടുത്തത്.
ഇടമലക്കുടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബിജെപി ചിന്താമണി വിജയിച്ചത് ഒറ്റവോട്ടിനാണ്. സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിനെയാണ് പരാജയപ്പെടുത്തിയത്. ചിന്താമണി-39, ശ്രീദേവി-38, കോൺഗ്രസിലെ ചന്ദ്ര പരമശിവൻ-15 എന്നിങ്ങനെയാണ് വോട്ടുനില. സിപിഎമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തെതുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

















