തിരുവനന്തപുരം: ഡോക്ടർമാർ സമരം കടുപ്പിക്കുമ്പോഴും സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Veena George). ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങൾക്കതിൽ ഒന്നും ചെയ്യാനാവില്ല. 373 നോൺ റെസിഡൻറ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ഇറക്കി. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
പിജി ഡോക്ടമാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ തുടരുകയാണ്. എന്നാൽ സർക്കാർ നിശ്ചയിച്ച ജൂനിയർ ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാർ പറയുന്നത്. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കൽ കോളെജുകളുടെയും പ്രവർത്തനം ഇതിനകം താളം തെറ്റി.

















