കണ്ണൂർ: സർവകലാശാല വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർക്കാരിൻറെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവർണറെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചർച്ചകൾ ഉയർന്ന് വരുകയാണ്. എൽഡിഎഫ് പ്രകടന പത്രികയിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിൻറെ അലകും പിടിയും മാറണമെന്നാണ് പ്രകടന പത്രികയിലെ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സർക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സർക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തിൽ സർക്കാരിനും ഗവർണർക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

















