മറയൂർ ചന്ദനത്തിന് (Sandalwood tree) പുറമേ ചന്ദന വിത്തിനും (Sandalwood Seed) വൻ ഡിമാൻഡ്. സംഭരിച്ച അയ്യായിരം കിലോ വിത്തിൽ പകുതിയോളം വിത്തുമാണ് ഇതിനോടകം വിറ്റുപോയത്. മറയൂർ ചന്ദനത്തിന്റെ സുഗന്ധവും ഗുണമേന്മയും ഏറെ പ്രശസ്തമാണ്. ആ പെരുമ മറുനാടുകളിലും വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് ചന്ദനവിത്തിന്റെ വിതരണം വനംവകുപ്പ് (ForestDepartment) തുടങ്ങിയത്.
ചന്ദനമരങ്ങളിൽ നിന്ന് സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്ന കടുംനീല നിറത്തിലുള്ള പഴങ്ങൾ സംസ്കരിച്ച് വിത്താക്കും. ഒരു കിലോ വിത്തിന് രണ്ടായിരം രൂപയാണ് വില. ആകെ ഒരുകോടി രൂപയാണ് വിത്ത് വിൽപ്പനയിലൂടെ ഇത്തവണ വനംവകുപ്പ് ലക്ഷ്യമിടുന്നത്.
വനസംരക്ഷണസമിതിക്കാണ് വിത്ത് ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ചുമതല. പ്രദേശവാസികളായ നിരവധി പേർക്ക് തൊഴിൽ നൽകുന്ന സംരഭം കൂടിയാണിത്. ചന്ദനമരങ്ങളുടെ സംരക്ഷത്തിനായാണ് വിത്ത് വിറ്റുകിട്ടുന്ന തുക പ്രധാനമായും വിനിയോഗിക്കുക.
മറയൂർ ചന്ദനലേലം റെക്കോഡിൽ, ഇത്തവണ വിറ്റത് 49.28 കോടിയുടെ ചന്ദനം
മറയൂർ ചന്ദനലേലത്തിൽ റെക്കോർഡ് വിൽപ്പന. 49.28 കോടി രൂപയുടെ ചന്ദനമാണ് ഇത്തവണ വിറ്റുപോയത്. കൊവിഡിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് മറയൂർ ചന്ദനലേലത്തിൽ പുതിയ റെക്കോർഡുകളുണ്ടായത്. 50.62 ടൺ ചന്ദനം വിറ്റഴിഞ്ഞപ്പോൾ നികുതിയുൾപ്പടെ സർക്കാർ ഖജനാവിലേക്ക് 49.28 കോടി വരുമാനമാണ് എത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ലേലത്തിന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വില്ലനായപ്പോൾ കിട്ടിയത് വെറും 1.96 കോടി രൂപയായിരുന്നു.
കർണാടകത്തിൽ നിന്നുള്ള സോപ്പ് കമ്പനികൾ തിരിച്ചത്തിയതോടെ ഇത്തവണ ലേലം പൊടിപൊടിച്ചു. ബാംഗ്ലൂർ ആസ്ഥാനമായ കർണാടക സോപ്പ്സ് ആണ് ഏറ്റവും കൂടുതൽ ചന്ദനം ലേലം കൊണ്ടത്. 34.2 ടൺ ചന്ദനം 32.63 കോടിക്ക് വാങ്ങി. ജെയ്പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനത്തിനായിരുന്നു ഇത്തവണ കൂടുതൽ ആവശ്യക്കാർ. 14 കോടിയുടെ കച്ചവടമാണ് ഈ ഇനത്തിൽ നടന്നത്. അടുത്ത ലേലം മെയിലോ, ജൂണിലോ ആയി നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

















