കൊഹിമ: നാഗാലാൻഡ് മോൺ ജില്ലയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ വൻ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പരാമർശങ്ങൾക്ക് മാപ്പു പറയണമെന്നാും അഫ്പ്‌സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. വിഷയത്തിൽ അമിത് ഷാ നടത്തിയ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോണ്യാക് യൂണിയനാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞയാഴ്ച തെറ്റിദ്ധാരണമൂലം സൈനികർ നടത്തിയ വെടിവയ്പ്പിൽ ജില്ലയിലെ 13 പേർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തു പ്രത്യേക സൈനികാധികാര നിയമം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
‘ഞങ്ങൾ ചോദിക്കുന്നത് നീതിയാണ്. ആരുടെയും സഹതാപം വേണ്ട. സത്യത്തിന്റെ നേരെ മുഖം തിരിക്കുന്നത് നിർഭാഗ്യകരമാണ്. അമിത് ഷായുടെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എത്രയും വേഗം പിൻവലിക്കണം’-പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
















