ദൈവ പ്രീതിക്കായി ഭക്തർ പലതരത്തിലുള്ള നിവേദ്യങ്ങളുമൊക്കെ സമർപ്പിക്കാറുണ്ട്. ഭക്തർ (Devotees) ദൈവത്തോടുള്ള വിശ്വാസം പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. അടുത്തിടെ വാഹനനിർമ്മാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര(Anand Mahindra) ഗുരുവായൂർ ക്ഷേത്രത്തിൽ(Guruvayur Temple) കാണിക്കയായി സമർപ്പിച്ചത് ഒരു പുത്തൻ ഥാർ (Mahindra Thar) ആണ്. മഹീന്ദ്രയുടെ താരമായ വാഹനം ഗുരൂവായൂരപ്പന് കാണിക്കയായി ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ 10 കിലോ ഐസ്ക്രീം(Ice Cream) നിവേദ്യമായി സമർപ്പിച്ചിരിക്കുകയാണ് ഒരു ഭക്തൻ. ആന്ധ്രാപ്രദേശിലെ(Andhra Pradesh) പഞ്ചരാമ ക്ഷേത്രമായ ശ്രീരാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിൽ ആണ് ഒരു ഭക്തൻ നിവേദ്യമായി 10 കിലോ ഐസ്‌ക്രീം നൽകിയത്.
പാലക്കോൾ സ്വദേശിയായ ദെവെല്ല നരസിംഹ മൂർത്തിയാണ് ശിവന് നിവേദ്യമായി 10 കിലോ ഐസ്‌ക്രീം നൽകിയത്. വാർത്ത പെട്ടന്ന് തന്നെ വൈറലായി. ഇതോടെ പിന്നീട് അമ്പലത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. പ്രസാദം സ്വീകരിക്കാനും വേണ്ടി ആളുകളിടിച്ച് കയറി. പ്രസാദമായി ഐസ്‌ക്രീം ലഭിച്ച സന്തോഷത്തിലാണ് ക്ഷേത്രത്തിൽ നിന്നും എല്ലാവരും മടങ്ങിയത്. ഉത്സവവേളകളിൽ ഭക്തർ കൂട്ടത്തോടെ സന്ദർശിക്കുന്നത് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഒരു പതിവ് കാഴ്ചയാണെങ്കിലും, ഈ ക്ഷേത്രത്തിൽ രുചികരമായ വിവിധ പ്രസാദങ്ങൾ ലഭിക്കാനാണ് എല്ലാവരും എത്തുന്നത്.
വ്യത്യസ്തമാണ് ഈ ക്ഷേത്രത്തിലെ രീതികൾ. അഭിഷേകത്തിനായി ഭക്തർ പല തരം വ്യത്യസ്ത വിഭവങ്ങളാണ് നൈവേദ്യമായി സമർപ്പിക്കാറുള്ളത്. പാൽ അല്ലെങ്കിൽ തൈര് എന്നിവ അഭിഷേകമായി ആരാധനാമൂർത്തിയ്ക്ക് നൽകുന്ന ഭക്തരുണ്ട്. കൂടാതെ ചിലർ തേൻ, പഞ്ചസാര, വിവിധ തരം പഴച്ചാറുകൾ എന്നിവയും ഈശ്വരന് സമർപ്പിക്കുകയും പ്രാർഥന നടത്തുകയും ചെയ്യുന്നു. ചിലർ ഇവിടെ അഭിഷേകത്തിന് പാത്രം നിറയെ വെള്ളവും എത്തിക്കാറുണ്ട്.
















