വിചിത്രമായ ട്വീറ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടാറുള്ള വ്യക്തിയാണ് ഇലോണ്‍ മസ്ക്.അദ്ദേഹം ഇപ്പോൾ വീണ്ടും ഒരു ട്വീറ്റിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.ചെയ്യുന്ന ജോലി മതിയാക്കാനുള്ള ആഗ്രഹം പറയുന്ന ട്വീറ്റ് ടെക് ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.
”ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് രാജിവെച്ച് ഇനി ഒരു ഫുള്‍-ടൈം ഇന്‍ഫ്ളുവന്‍സര്‍ മാത്രമായിരിക്കാന്‍ ആഗ്രഹിക്കുന്നു, എന്താണ് നിങ്ങളുടെ അഭിപ്രായം’..? – എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. നിലവില്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ സി.ഇ.ഒയും സ്പെയ്സ് എക്സ് എന്ന സ്പെയ്സ് ടൂറിസം കമ്ബനിയുടെ സ്ഥാപക സി.ഇ.ഒയുമാണ് ഇലോണ്‍ മസ്ക്.
മുമ്ബ് പലതവണയായി ഇലോണ്‍ മസ്ക് തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നീണ്ടതും തിരക്കേറിയതുമായ ഔദ്യോഗിക ജീവിതത്തില്‍ നിന്നും അല്‍പ്പ സമയമെങ്കിലും വിശ്രമിക്കാന്‍ കഴിഞ്ഞെങ്കില്‍ നല്ലതായിരുന്നു എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം 266 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്ക് നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനാണ്. സ്പേസ് എക്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലുള്ള തന്റെ വസ്തുവകകളെല്ലാം വിൽക്കുകയാണെന്ന് പറഞ്ഞുകൊണ്ട്,കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികളും, പിന്നാലെ 12 ബില്യണ്‍ ഡോളര്മൂല്യം വരുന്ന ഓഹരികളും ഉൾപ്പെടെ അവസാനത്തെ ആഡംബര വീടും വരെ വിറ്റൊഴിവാക്കിയിരുന്നു.
നിലവില്‍ 3.78 ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. എങ്കിലും ട്വീറ്റ് മസ്കിന്റെ പതിവുപോലെയുള്ള തമാശയാണോ, അതോ സീരിയസായി പറയുന്നതാണോ എന്ന സംശയത്തിലാണ് നെറ്റിസണ്‍സ്.
’താങ്കള്‍ ഇപ്പോള്‍ തന്നെ മറ്റേത് സോഷ്യല്‍ മീഡിയ ഇന്ഫ്ലുവന്സറേക്കാള് വലിയ സ്വാധീന ശക്തിയല്ലേ…’ എന്നായിരുന്നു ട്വീറ്റിന് വന്ന ഒരു കമന്റ്. രാജിവെച്ചാല്‍ യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങാന്‍ ഉപദേശിച്ചവരും ഏറെയാണ്. നിരവധി യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുമാണ് താഴെ കമന്റുകളുമായി എത്തിയത്.