ബംഗളൂരു: ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം കൂനൂരിലെത്തി അന്വേഷണം തുടങ്ങി.അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിലാണ് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയത്. റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്ടര്‍ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി.
















