ന്യൂഡൽഹി; രാജ്യത്തെ ഒമിക്രോൺ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഇന്ന് വൈകിട്ട് രണ്ടരയ്ക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.ബൂസ്റ്റർ ഡോസുകളുടെ കാര്യത്തിലുള്ള ആലോചനകൾ നടക്കും. സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമായും വിലയിരുത്തും.
അതിനിടെ മഹാരാഷ്ട്രയിൽ ഏഴു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. മൂന്ന് കേസുകൾ മുംബൈയിലും നാലെണ്ണം പിംപ്രി ചിംച്വാദ് മുനിസിപ്പൽ കോർപ്പറേഷനിലുമാണ് സ്ഥിരീകരിച്ചത്. രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായി കർണാടകയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഒരു വിദേശിക്കും സ്വദേശിക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്.
















