ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കേറ്റിന് 108 രാജ്യങ്ങളുടെ അംഗീകാരം. യാത്രാ ആവശ്യങ്ങൾക്കായി 108 രാജ്യങ്ങൾ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ അറിയിച്ചു.
അതേസമയം, എല്ലാ രാജ്യങ്ങൾക്കും ഇത്തരത്തിൽ യാത്രക്കായി കോവിഡ് വാക്‌സിൻ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. അത്തരം ആവശ്യകതകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ, 108 രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രതിരോധ കുത്തിവെയ്പ്പ് സർട്ടിഫിക്കേറ്റിന് അംഗീകാരം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിംഗ് (ഇയുഎൽ) ആണ് വിവിധ രാജ്യങ്ങൾക്ക് വാക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്. വാക്‌സിനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി, പ്രകടനം എന്നിവയെക്കുറിച്ചുള്ള അവശ്യ ഡാറ്റയാണ് വാക്‌സിനുകളുടെ ഉപയോഗത്തിന്റെ സ്വീകാര്യത നിർണ്ണയിക്കാൻ രാജ്യങ്ങളെ സഹായിക്കുന്നതെന്ന് പവാർ പറഞ്ഞു.
ഇത്തരത്തിൽ ഇയുഎൽ അംഗീകൃത പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ച ആളുകളുടെ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് അന്താരാഷ്‌ട്രതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അംഗീകൃത വാക്‌സിൻ സ്വീകരിച്ചവർക്കായി കൊറോണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.
















