തിരുവനന്തപുരം: സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് മാറ്റം.
ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാനെ കോട്ടത്തറ ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. ഭരണ സൗകര്യാർഥമാണ് മാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനസമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

















