മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിൽ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഫീസിൽ എത്തണമെന്ന നിബന്ധന നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്യൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
എൻസിബി ഓഫീസിൽ എത്തുമ്പോഴെല്ലാം മാധ്യമങ്ങൾ തടിച്ചുകൂടുകയും ഓഫീസിൽ കയറുമ്പോഴും പുറത്തുപോകുമ്പോഴും പോലീസുകാർ പരുഷമായി പെരുമാറുകയും ചെയ്യുന്നു. അതിനാൽ എൻസിബി ഓഫീസിൽ എത്തണമെന്ന നിബന്ധന നീക്കണമെന്നാണ് ആര്യന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ആര്യന്റെ ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഒക്ടോബര്‍ രണ്ടിന് മുംബയിലെ കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യനെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28നാണ് ആര്യന് ജാമ്യം ലഭിച്ചത്. അന്ന് എന്‍സിബിയുടെ വാദങ്ങളെ കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ 14 വ്യവസ്ഥകളോടെയാണ് ആര്യന് കോടതി ജാമ്യമനുവദിച്ചത്. മുംബയ് വിട്ടുപോകരുത്, അനുവാദമില്ലാതെ ഇന്ത്യ വിടരുത്, എല്ലാ വെളളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണം എന്നിങ്ങനെ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.
















