ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) മരിച്ച ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർക്ക് (Brigadier LS Lidder) രാജ്യം വിടചൊല്ലി. ഔദ്യോഗിക സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9.15 ന് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ദില്ലിയിലെ ബ്രാർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും (CDS Bipin Rawat) ഭാര്യ മധുലിക റാവത്തിൻറെയും (Madhulika Rawat) മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിലാണ് ലിഡ്ഡറും കൊല്ലപ്പെട്ടത്. മേജർ ജനറലായി അടുത്തിടെ ഉദ്യോഗക്കയറ്റം കിട്ടിയ ബ്രിഗേഡിയർ ലഖ്ബിൻഡർ സിംഗ് ലിഡ്ഡറുടെ വേർപാടും സേനക്ക് വലിയ നഷ്ടമാണ്. സൈനിക ഉപദേഷ്ടാവായി വർഷത്തിലേറയായി അദ്ദേഹം ജനറൽ ബിപിൻ റാവത്തിനൊപ്പമുണ്ട്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഹിമാചലിൽ ഒരു കമാൻഡിന് നേതൃത്വത്തിന് നൽകിയിരുന്നു. ഹരിയാന പാഞ്ച്‌കുല സ്വദേശിയായ ബ്രിഗേഡിയര‍്‍ ലിഡ്ഡർ സൈനിക കാര്യങ്ങളിൽ ലേഖനങ്ങളുമെഴുതുമായിരുന്നു.
അച്ഛന്റെ പാത പിന്തുടർന്നാണ് ലിഡ്ഡൻ സൈന്യത്തിലെത്തിയത്. സെക്കന്റ് ലെഫ്റ്റനന്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. മൃതദേഹത്തിൽ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ദേശീയ സൈനിക ഉപദേഷ്ടാവ് തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും സംസ്കാരവും ഇന്ന് നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാർ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതൽ ഔദ്യോഗിക വസതിയിൽ പൊതുദർശനമുണ്ടാകും. പൊതു ജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം.
















