ഇടുക്കി; ഇടുക്കിയിലെ മലയോര ഗ്രാമങ്ങളില്‍ ഊരുവിലക്ക് തുടർക്കഥയാകുന്നു. മറയൂരില്‍ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെയാണ് ഊരുവിലക്കിയത്. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി എന്നീ ആദിവാസി കുടികളിലെ യുവാക്കളാണ് ഊരുവിലക്ക് നേരിട്ട് കഴിയുന്നത്.പാരമ്പര്യ ആചാരവും വിശ്വാസവും ലംഘിച്ചുവെന്ന പേരിലാണ് ശിക്ഷ.
ഡിസംബർ 7 ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.യുവാക്കള്‍ ടൗണിലെ ഹോട്ടലുകളില്‍ പോയി ബീഫ് കഴിക്കുന്നതായും മാട്ടിറച്ചി വാങ്ങിക്കൊണ്ടുവന്ന് പാചകം ചെയ്ത് കഴിച്ചതായും കുടികളിലെ കാണി (ഊരുമൂപ്പന്) ഉള്‍പ്പെടെയുള്ള പ്രധാനികള്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. വിചാരണയില്‍ ഊരിലെ ആചാര അനുഷ്ഠാനങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും വിരുദ്ധമാണ് യുവാക്കളുടെ പ്രവർത്തിയെന്ന് കണ്ടെത്തി കുറ്റം വിധിക്കുകയും ചെയ്തു.
ഊരുവിലക്കിയതോടെ കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ കയറാന്‍ അനുവാദമില്ല. ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം പുലർത്തരുത്. ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കഴിക്കണം.ഈ നിബന്ധനകളെ തുടർന്ന് യുവാക്കള്‍ അഭയം തേടിയത് ആള്‍പ്പാർപ്പില്ലാത്ത കുടികളിലും കാട്ടിലുമൊക്കെയാണ്. സംഭവത്തില്‍ പൊലീസും, സ്പെഷ്യല്‍ ബ്രാഞ്ചും, പഞ്ചായത്തും അന്വേഷണം ആരംഭിച്ചു.

















