കേരളത്തിൽ സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ സംവിധാനങ്ങളെ സ്പോൺസർമാരെ ഏൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാതെ ‘ഭയങ്കര സുതാര്യത’യെക്കുറിച്ച് സംസാരിക്കുന്നവരാണ് ഇപ്പോഴുള്ളതെന്നും ഗോവിന്ദൻ പരിഹസിച്ചു.
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകിയെന്നുമാണ് ഗോവിന്ദന്റെ ആരോപണം. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും മന്ത്രിമാർ സ്പോൺസർമാരുടെ സഹായത്തോടെ വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനവും അഴിമതിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സർക്കാർ സംവിധാനത്തിന് പകരം സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്പോൺസർഡ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മാധ്യമങ്ങളെ അകറ്റിനിർത്താൻ കാരണമെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാരുടെ വിദേശയാത്രകൾ, സർക്കാർ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു.















