ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച ബംഗാള്‍ സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് സുപ്രിംകോടതി. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതില്‍നിന്ന് മറ്റ് സംസ്ഥാന സര്‍ക്കാരുകളും വിട്ടുനില്‍ക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു.
ഒപ് ഇന്ത്യ എഡിറ്റര്‍ നൂപുര്‍ ശര്‍മയ്ക്കും മറ്റൊരു മാധ്യമപ്രവര്‍ത്തകനുമെതിരായ എഫ്‌ഐആര്‍ പിന്‍വലിച്ചകാര്യം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. കേസുകള്‍ പിന്‍വലിക്കുന്നത് ഒരു പുതിയ തുടക്കമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കൗള്‍ പറഞ്ഞു.
വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരിലാണ് ഒപ് ഇന്ത്യ എഡിറ്റര്‍ നൂപൂര്‍ ശര്‍മയ്ക്കും മറ്റൊരു മാധ്യമപ്രവര്‍ത്തകനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് ഹരജിക്കാര്‍ വാദിച്ചു.
2020 ജൂണിലാണ് പോലിസ് നടപടിക്കെതിരേ ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2020 ജൂണില്‍ സുപ്രിംകോടതി എഫ്‌ഐആര്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, പോലിസ് വീണ്ടും മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിപരുന്നു. അത് 2021 സപ്തംബറിലും സുപ്രിംകോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ വാദം നടക്കുന്നതിനിടെ കേസ് പിന്‍വലിക്കുന്ന കാര്യം ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.
















