തിരുവനന്തപുരം: നാളെ മുതൽ എമർജൻസി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരവുമായി മുന്നോട്ടെന്ന് പി ജി ഡോക്ടർമാർ. ഉറപ്പുകൾ പാലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് നാളെ മുതൽ എമർജൻസി ഡ്യൂട്ടിയും ബഹിഷ്കരിച്ചുള്ള സമരത്തിലേക്ക് നീങ്ങുന്നത്. സമരം തുടർന്നാൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടിയെന്നാണ് സർക്കാർ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് പി ജി ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോകുന്നത്.
അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം ഡ്യൂട്ടികളെല്ലാം ബഹിഷ്കരിക്കുന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. നീറ്റ് പി ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്.
എന്നാൽ ഇക്കാര്യത്തിൽപ്പോലും ഇതുവരെ വ്യക്തതതയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഉറപ്പുകൾ നൽകുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നാണ് പി ജി ഡോക്ടർമാർ പറയുന്നത്.
ഇതിനിടെ കോഴിക്കോടും, തൃശൂരും സമരം ചെയ്യുന്നവരെ ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കാൻ ശ്രമം തുടങ്ങിയെന്ന് ഡോക്ടർമാർ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
പിജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി.ജി. പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ പിജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എൻ.എ.ജെ.ആർ.മാരെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതിൽ നടപടിയാവകുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം പിജി ഡോക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കോവിഡ് ചികിത്സയിലും മനപൂർവം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

















