ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്ക വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി. തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ആവശ്യപ്പെട്ടു. 1991ലെ ആരാധനാലയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹർനാഥ് സിംഗ് യാദവ് വിശേഷിപ്പിച്ചു.
1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിൻ്റെ മതപരമായ സ്വഭാവം നിലനിർത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. തുല്യത അവകാശത്തിൻ്റെ ഭരണഘടനാ വ്യവസ്ഥയെ മാത്രമല്ല, മതേതരത്വത്തെയും ലംഘിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഒരു പൗരനും ഇതിനെതിരെ കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന നിയമ വ്യവസ്ഥ വിചിത്രമാണ്, ഈ നിയമത്തെ വെല്ലുവിളിക്കാനും കഴിയില്ല.
കൃഷ്ണ ജന്മഭൂമിയും മറ്റ് ആരാധനാലയങ്ങളും ബലമായി പിടിച്ചടക്കുന്നതിന് നിയമം മറ്റ് മതസ്ഥരെ സഹായിക്കുന്നു. ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നിയമം ഹിന്ദുക്കൾക്കും ജൈനർക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും അവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇല്ലാതാക്കി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
















