ന്യൂഡൽഹി; പുതിയ സര്‍ഫേസ് ടു എയര്‍ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.ഒഡീഷ തീരത്ത് മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നത്. മിസൈല്‍ പരീക്ഷിണം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഉദ്യോഗസ്ഥര്‍ അറിയിച്ചു.പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ലക്ഷ്യമിടാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനം നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ്.
ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മിസൈൽ പരീക്ഷണം. ലംബമായി സജ്ജീകരിച്ച ലോഞ്ചറിൽ നിന്നും സമുദ്ര നിരപ്പിൽ നിന്നും വളരെ താഴെയായി സ്ഥാപിച്ച ഇലക്ട്രോണിക് ലക്ഷ്യത്തിലേക്ക് മിസൈൽ വിക്ഷേപിച്ചായിരുന്നു പരീക്ഷണം. സ്ഥാപിച്ച ലക്ഷ്യത്തെ കൃത്യതയോടെ ഭേദിച്ചാണ് പരീക്ഷണത്തിൽ മിസൈൽ മികവ് തെളിയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരീക്ഷണത്തിനിടെ ഐടിആറിൽ സ്ഥാപിച്ചിരുന്ന ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് മിസൈലിന്റെ സഞ്ചാര പാത അധികൃതർ കൃത്യമായി നിരീക്ഷിച്ചിരുന്നു. പരീക്ഷണ വേളയിൽ മിസൈലുമായി ബന്ധപ്പെട്ട എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൺട്രോളറോടു കൂടിയ വെർട്ടിക്കൽ ലോഞ്ചർ യൂണിറ്റ്, കാനിസ്റ്ററൈസ്ഡ് ഫ്‌ളൈറ്റ് വെഹിക്കിൾ, വെപ്പൻ കൺട്രോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു പരീക്ഷണം. ഡിആർഡിഒയിലേയും, നാവിക സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
















