ന്യൂഡൽഹി; കർഷക സമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ച തീരുമാനം ഇന്നറിയാം.ഉച്ചയ്ക്ക് രണ്ടിന് സിംഗുവിലാണ് യോഗം. കേന്ദ്രസർക്കാറിന് മുന്നിൽ വെച്ച പ്രധാനപെട്ട ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ ആലോചിക്കുന്നത്.
മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകുക, വൈദ്യുതി നിയമത്തിന്റെ കരട് പിൻവലിക്കുക, വായുമലിനീകരണത്തിന്റെ പേരിൽ കർഷകർക്ക് പിഴ ചുമത്തുന്നത് പിൻവലിക്കുക, 2020 ജൂൺ മുതൽ ഇതുവരെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ലഖിംപുർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, സമരത്തിൽ രക്തസാക്ഷികളായ 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, അവർക്ക് രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിൽ സ്ഥലം അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ചർച്ചക്ക് തയാറാകണമെന്ന് പറഞ്ഞ കർഷകരോട് അങ്ങനെ ചെയ്യാമെന്ന് ആദ്യം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പുനൽകി. തുടർന്ന് കർഷക യൂനിയനുകൾ സർക്കാറുമായി ചർച്ചക്ക് അഞ്ചംഗ പ്രതിനിധികളെ നിയോഗിച്ചു. സർക്കാർ നിലപാട് രേഖാമൂലം തങ്ങൾക്ക് ലഭിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി.
മിനിമം താങ്ങുവിലക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കി. കർഷകർക്കെതിരായ എല്ലാ പൊലീസ് കേസുകളും പിൻവലിക്കുമെന്നതാണ് രണ്ടാമതായി സർക്കാർ അംഗീകരിച്ചത്.എന്നാൽ, സമരം അവസാനിപ്പിച്ച് അതിർത്തി വിട്ടുപോയാൽ മാത്രമേ കേസുകൾ പിൻവലിക്കൂ എന്ന കേന്ദ്രത്തിെൻറ ഉപാധി കർഷകർ അംഗീകരിച്ചിട്ടില്ല.
















