മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. നിലവിൽ പുതിയ പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം റാവത്ത് പറഞ്ഞു.
യുപിഎയെക്കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവത്തിന്റെ പരാമർശം.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോണ്‍ഗ്രസ് ഇല്ലാതെ അത് സാധ്യമാകില്ല, റാവുത്ത് പറഞ്ഞു. രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികള്‍ ഉണ്ടാകുന്നതുകൊണ്ട് ഒരു ലാഭവും ഇല്ല. മാത്രമല്ല, അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും റാവുത്ത് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശിവസേന മുന്‍കൈയെടുക്കുമോ എന്ന ചോദ്യത്തിന് അത് ചെയ്യാന്‍ ശരദ് പവാര്‍ സാബ് ഉണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.
അതേസമയം മൂന്നാം ബദൽ മുന്നണിയുമായി മുന്നോട്ട് പോകുന്ന ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് നേതാവുമായ മമതയ്ക്ക് പിന്തുണയുമായി ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ഇല്ലാത്ത സഖ്യം സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















