തഞ്ചാവൂർ: അവിഹിത ഗർഭത്തിൽ കുഞ്ഞ് പ്രസവിച്ചത് ആരും അറിയാതിരിക്കാൻ ക്രൂരകൃത്യം ചെയ്ത് അമ്മ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് (Thanjavur ) നടുക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ തഞ്ചാവൂർ സ്വദേശി ബുഡാലൂർ സ്വദേശിയായ പ്രിയദർശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ മെഡിക്കൽ കോളേജിൻറെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിലിട്ടാണ് ( newborn in hospital’s flush tank) പ്രിയദർശിനി കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിന് പ്രിയദർശനിയുടെ മാതാപിതാക്കളെയും തഞ്ചാവൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിൽനിന്നു ഗർഭം ധരിച്ച പ്രിയദർശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രസവ വാർഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയിൽ, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു.
തുടർന്ന് ആശുപത്രിയിൽ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്.
ഇരുപത്തിമൂന്ന് വയസുകാരിയാണ് പ്രിയദർശിനി ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കൽ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദർശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജറാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















