ന്യൂഡൽഹി; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം ചേരുക. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു.എന്നാൽ ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.
















