ജയ്പുര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ അതിര്‍ത്തിവേലി ചാടി കടന്ന പാകിസ്താനി യുവാവിനെ അറസ്റ്റ് ചെയ്തു. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശിയായ 22-കാരന്‍ മുഹമ്മദ് ആമിറാണ് പിടിയിലായത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈയിലെ യുവതിയുടെ അടുത്തേക്കാണ് പോകാന്‍ ശ്രമിച്ചതെന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ശനിയാഴ്ച ബിഎസ്എഫിന്റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലാകുന്നതെന്ന് ശ്രീ ഗംഗാനഗര്‍ എസ്പി ആനന്ദ് ശര്‍മ പറഞ്ഞു. ഒരു മൊബൈല്‍ ഫോണും കുറച്ച് പണവും യുവാവില്‍ നിന്ന് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്ന് എസ്പി അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് മുംബൈക്കാരിയെ ആമിർ പരിചയപ്പെടുന്നത്. പരിചയം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. പരസ്പരം നമ്പറുകൾ കൈമാറി സമൂഹമാധ്യമങ്ങളിലൂടെ സംസാരം തുടർന്നു. പ്രണയം തലക്കുപിടിക്കുകയും വിവാഹം കഴിക്കാനുള്ള തീരുമാനവുമുണ്ടായി. ഇതോടെയാണ് നേരിൽ കാണാന്‍ തീരുമാനിച്ചത്.
ഇന്ത്യൻ വിസയ്ക്കു വേണ്ടി അപേക്ഷിച്ചെങ്കിലും ഇന്ത്യൻ അധികൃതർ അപേക്ഷ തള്ളി. ഇതോടെയാണ് കാൽനടയായി അതിർത്തി കടക്കാമെന്ന് തീരുമാനിച്ചത്.
ബഹാൽപൂരിലെ അതിർത്തിയിൽനിന്ന് 150 കി.മീറ്റർ അകലെയുള്ള കുഗ്രാമമായ ഹാസിൽപൂരിൽനിന്നാണ് യുവാവ് വരുന്നത്. ഇത്രയും ദൂരം എങ്ങനെ നടന്നെത്തിയതെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പൊലീസ് പറയുന്നു. അതിർത്തിയിൽനിന്ന് ആയിരത്തിലേറെ കി.മീറ്റർ ദൂരത്തുള്ള മുംബൈവരെയും നടക്കാൻ തന്നെയായിരുന്നു പദ്ധതിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
അതേസമയം ആമിര്‍ പറഞ്ഞ മുംബൈയിലെ യുവതിയെ പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രമേ ഇത്തരമൊരു നടപടികളിലേക്ക് കടക്കൂവെന്നാണ് പോലീസ് അറിയിക്കുന്നത്.
ഇയാള്‍ക്ക് മുംബൈയിലുള്ള കാമുകിയെ കാണാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും പോലീസ് പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ 22-കാരനെ പാകിസ്താന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















