ന്യൂഡൽഹി : നാഗാലാൻഡ് വെടിവയ്പ്പിൽ (Nagaland shooting) ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. വെടിവെയ്‌പിൽ സൈന്യത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച, പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ സൈന്യം അന്വേഷിക്കും
സൈന്യത്തിനെതിരെ നാഗാലാൻഡ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യൽ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നത്. ക്യാമ്പിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ അസം റൈഫിള്‍സ് ലോറിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞുവരുന്നവർക്ക് നേരെ സേന അകാരണമായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നാഗാലാന്‍ഡ് ഡിജിപിയും കമ്മീഷണറും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
ഖനിത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 6 പേരാണ്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 7 പേർ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 2 പേർ പിന്നീട് മരിച്ചു. ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ അർധ സൈനിക വിഭാഗത്തിന്റെ മൂന്ന് വാഹനങ്ങള്‍ കത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കോൺഗ്രസിന്റെ നാലംഗ സംഘം നാഗാലാൻഡ് സന്ദർശിക്കുന്നുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാൻഡിന്റെ ചുമതലയുള്ള അജോയ് കുമാർ ഗൗരവ് ഗൊഗോയി, ആന്റോ ആന്റണി എം.പി എന്നിവരാണ് സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് നൽകും.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം സംസ്കരിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചില വിഘടനവാദി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
















