തിരുവല്ല; സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാർ വധക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.റിമാൻഡിലായ പ്രതികളുടെ മുൻകാല ബന്ധങ്ങളും പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു
സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല DySp ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം . പ്രതികളുടെ പൂർവകാല ബന്ധങ്ങളും ക്രിമിനൽ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോൾ കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രതികളുടെ ഫോൺ കോളുകൾ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദീപിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

















