ലഖ്‌നൗ: ഉത്തർപ്രദേശിൽ (Uttarpradesh) ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി (Rape and murdered) കൊല്ലപ്പെട്ടു. ഹാപൂരിലാണ് (Hapur) ദാരുണ സംഭവം. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അംജദ് എന്ന 38കാരൻ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ പെൺകുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നെന്ന് ഹാപുർ എസിപി സർവേശ് മിശ്ര പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് വെറും 50 കിലോമീറ്റർ അകലെയാണ് പ്രതിയുടെ വീട്. വീട്ടിലെത്തിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഈ സമയം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല.
പെൺകുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാതിൽ തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ത്രിലോക്പുരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരിൽ നിന്ന് ആക്രമണമുണ്ടായി. പൊലീസ് വലയം തീർത്താണ് ഇയാളെ സ്റ്റേഷനിലെത്തിച്ചു.
















