പട്‌ന: ദേശീയഗീതമായ വന്ദേ മാതരം (Vande Mataram) മതവിരുദ്ധമാണെന്നും (Anti Religion) ആലപിക്കില്ലെന്നും അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ (AIMIM) എംഎൽഎ അഖ്തറുൽ ഇമാൻ(Akhtarul Iman). ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി താൻ എതിരല്ലെന്നും എന്നാൽ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാൻ പാടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”വന്ദേമാതരം പാടാത്തവർ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാൻ ആരാണ് നിങ്ങൾക്ക് അവകാശം നൽകിയത്. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം ഓടുന്നത്. ഞങ്ങൾ ഭരണഘടനയെ പിന്തുടരുന്നു. ഭരണഘടന തയാറാക്കിയവർ ഞങ്ങളെക്കാൾ ബുദ്ധിയുള്ളവരായിരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനുമുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്”.-അദ്ദേഹം പറഞ്ഞു.
നേരത്തെയും അഖ്തറുൽ ഇമാൻ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയിൽ ഉറുദുവിലെ കരട് രേഖയിൽ ‘ഹിന്ദുസ്ഥാൻ’ എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയിൽ വിവാദമായി. ഹിന്ദുസ്ഥാൻ എന്നതിന് പകരം ഭാരത് എന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയാണ് അഖ്തറുൽ ഇമാൻ.
















