ജിദ്ദ: ഫോര്‍മുല വണ്‍ സൗദി ഗ്രാന്‍ഡ് കാറോട്ട മത്സരത്തിൻറെ ആദ്യദിവസമായ വെള്ളിയാഴ്ച നടന്ന ഒന്നും രണ്ടും പരിശീലന റൗണ്ടുകളില്‍ മെഴ്സിഡസ് ടീം ഡ്രൈവറായ ബ്രിട്ടൻറെ ലൂയിസ് ഹാമില്ട്ടണ് ലീഡ് നേടി.
മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഏറ്റവും വേഗമേറിയ സമയം ഹാമില്ട്ടണ് രേഖപ്പെടുത്തിയത്. ഫോര്‍മുല വണ്‍ എസ്.ടി.സി സൗദി ഗ്രാന്‍ഡ് പ്രിക്സിൻറെ അവസാന റൗണ്ടിന് മുന്നോടിയായാണ് പരീക്ഷണ റൗണ്ടുകള്‍ നടന്നത്.
രണ്ട് ടെസ്റ്റുകളിലും റെഡ് ബുള്‍ ഡ്രൈവറായ ഹോളണ്ട് താരം മാക്സ് വെര്‍സ്റ്റാപ്പനെ മറികടന്നാണ് ഹാമില്ട്ടണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒന്നാം ടെസ്റ്റിൻറെ ഫലം പുറത്തുവന്നപ്പോള്‍ റെഡ് ബുള്‍ ടീമിൻറെ മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം സ്ഥാനം.മെഴ്സിഡസ് ടീമിൻറെ ഫിന്നിഷ് വാള്‍ട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തും പിയറി ഗാസ്ലി (ആല്‍ഫ) ടൗറി ടീം നാലാം സ്ഥാനത്തുമായി.രണ്ടാം പരിശീലന സെഷനിലും ബ്രിട്ടീഷ് മെഴ്സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
6.174 കിലോമീറ്റര്‍ ട്രാക്കില്‍ ഏറ്റവും വേഗമേറിയ സമയം 1:29.018 മിനിറ്റ് രേഖപ്പെടുത്തിയാണ് മെഴ്സിഡസ് സഹതാരം വാള്‍ട്ടേരി ബോട്ടാസിനെക്കാള്‍ 0.061 സെക്കന്‍ഡ് വ്യത്യാസത്തില്‍ ഹാമില്ട്ടണ് ഒന്നാം സ്ഥാനം നേടിയത്. ഇതോടെ ആദ്യ സെഷനില്‍ മൂന്നാം സ്ഥാനത്തെത്തിയ മെഴ്സിഡസ് സഹതാരം വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സെഷനില്‍ രണ്ടാം സ്ഥാനത്തെത്തി.
ആല്‍ഫ ടൗറി ടീമിൻറെ ഡ്രൈവറായ ഫ്രഞ്ച് പിയറി ഗാസ്ലിക്കാണ് മൂന്നാം സ്ഥാനം. ഹാമില്‍ട്ടണേക്കാള്‍ എട്ട് പോയന്റിന് ഡ്രൈവര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ള വെര്സ്റ്റപ്പന്, ഹാമില്‍ട്ടണേക്കാള്‍ 0.2 സെക്കന്‍ഡ് പിന്നിലായി രണ്ടാം പരീക്ഷണ റൗണ്ടില്‍ നാലാം സ്ഥാനത്തായി.
















