തൊടുപുഴ: തൊടുപുഴയിൽ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി ആറ്റിൽ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ. ഇബ്രാഹിം(29)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ 30ന് നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഷാഫിയെ സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ഇതിനിടെ അകത്തുനിന്നും സെല്ലിന്റെ വാതിൽ തുറന്ന് ഇയാൾ ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു.
കോതമംഗലത്ത് നിന്നെത്തിയ സ്കൂബ സംഘമാണ് തെരച്ചിൽ നടത്തിയത്. ഉച്ചയോടെ മൃതദേഹം ലഭിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ഫയർ ആൻറ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറിൽ പ്രത്യേക ഡ്യൂട്ടിയിലായതിനാൽ തെരച്ചിൽ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്.

















