ബംഗളൂരു: ഒമിക്രോണ് ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ട സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.
ഒമിക്രോൺ ബാധിതനായിരുന്ന ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ ലാബിൽ നിന്നാണ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിനായി 4,500 രൂപയും ചിലവാക്കി.
നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാൾ ബന്ധപ്പെട്ടു. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. ദക്ഷിണാഫ്രിക്കൻ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസും അയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാൻ അനുവദിച്ചതിലും വിശദീകരണം തേടി.
ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിൽ ഒന്ന് ഇയാളുടേതാണ്. ദക്ഷിണാഫ്രിക്കൻ പൗരനായ ഇയാൾക്ക് 66 വയസാണ് പ്രായം. സാമ്പിൾ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടത്. ഒമിക്രോൺ ബാധിതനാണെന്ന് തെളിയുമ്പോൾ ഇയാൾ ഇന്ത്യയിലുണ്ടായിരുന്നില്ല.
ജൊഹന്നാസ്ബർഗിലുള്ള ഫാർമസി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. ബെംഗളൂരു വസന്ത്‌നഗറിലെ ഹോട്ടലിൽ ക്വാറന്റൈനിൽ ഇരിക്കവെ നവംബർ 27നാണ് രാജ്യം വിട്ടത്. രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള ഇയാൾ രോഗലക്ഷണങ്ങൾ പ്രകടപ്പിച്ചിരുന്നില്ല. അതിനാൽ സ്വയം നിരീക്ഷണത്തിൽ തുടരാനായിരുന്നു നിർദേശം. ഹൈ-റിസ്‌ക് വിഭാഗത്തിൽപ്പെട്ട രാജ്യത്ത് നിന്നും വന്നതിനാലാണ് സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്.
എന്നാൽ നവംബർ 23ന് സ്വകാര്യ ലാബിലെത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച ഇയാൾ 27ന് അർദ്ധരാത്രി ദുബായിലേക്ക് പോയി. ഇതിന് ശേഷമാണ് ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്. ഇതോടെ ഇയാളുമായി നേരിട്ട് ഇടപഴകിയ 24 പേരെയും സെക്കൻഡറി പട്ടിയകയിലുള്ള 240 പേരെയും കണ്ടെത്തി പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണ്.
















