ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരൻ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ബഡ്ഗാമിലെ പോഷ്‌കർ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക തിരച്ചിലിലാണ് ഇയാളെ പിടികൂടാനായത്. പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നായിരുന്നു പരിശോധന. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ പെത്സാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് പിസ്റ്റൾ ബുളളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡ് ഉൾപ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി മുതൽ ഇയാൾ ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
2021 ഫെബ്രുവരി മുതൽ ഇയാൾ ഭീകരപ്രവർത്തനത്തിൽ സജീവമാണെന്നും പോലീസ് അറിയിച്ചു.
















