ടെസ്ല സിഇഒ ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്ബനിയായ സ്റ്റാര്‍ലിങ്ക് ഉടന്‍ തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കും.ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ലൈസന്‍സ് എടുക്കാനും കമ്ബനി ഉടന്‍ അപേക്ഷ നല്‍കും.
രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അനുമതി വാങ്ങാന്‍ സ്റ്റാര്‍ലിങ്കിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് കമ്ബനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള വാണിജ്യ ലൈസന്‍സിന് ജനുവരിയില്‍ തന്നെ അപേക്ഷ നല്‍കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.
സ്റ്റാര്‍ലിങ്ക്
ലൈസന്‍സിനായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് സ്റ്റാര്‍ലിങ്ക് കണ്ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ ലിങ്ക്ഡിന്‍ പോസ്റ്റിലാണ് വ്യക്തമാക്കിയത്. “ഞങ്ങള്‍ക്ക് 2022 ജനുവരി 31 നോ അതിന് മുമ്ബോ വാണിജ്യ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, (ഞങ്ങള്‍ ചില പ്രധാന തടസ്സങ്ങള്‍ നേരിട്ടില്ലെങ്കില്‍).” വ്യക്തികള്‍ക്കും സ്വകാര്യ മേഖലയ്ക്കും പ്രത്യേകവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേകവും സര്‍വീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ സേവനങ്ങള്‍ പ്രഖ്യാപിക്കുകയും സര്‍വീസിനായുള്ള പ്രീ ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് വലിയ ചര്‍ച്ചാ വിഷയം ആയതിന് പിന്നാലെയാണ് ലൈസന്‍സ് എടുത്തിട്ട് മതി സര്‍വീസ് എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിനെ അറിയിച്ചത്.
സാറ്റലൈറ്റ്
രാജ്യത്ത് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കാന്, സ്റ്റാര്‍ ലിങ്ക് ബുക്കിങ് ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഏത് സ്വകാര്യ കമ്ബനിയ്ക്കും രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്കണമെങ്കില് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് ലൈസന്‍സ് എടുക്കേണ്ടതുണ്ട്.
നിലവില്‍ ഈ രീതിയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നത് നിര്‍ത്തി വയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രീബുക്കിങ് അവസാനിപ്പിക്കാനും ഉപയോക്താക്കള്‍ ബുക്കിങ് നടത്തരുതെന്നും ടെലിക്കോം മന്ത്രാലയം നിര്‍ദേശം നല്കി. പിന്നാലെ സ്റ്റാര്‍ലിങ്ക് വെബ്സൈറ്റിലെ പ്രീ ബുക്കിങ് പോര്‍ട്ടലും കമ്ബനി അടച്ചിരിക്കുകയാണ്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍
ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ 2022ന്റെ പകുതിയോടെയെങ്കിലും സ്റ്റാര്‍ലിങ്ക് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ലോഞ്ച് തീയതി അടക്കമുള്ള കാര്യങ്ങള്‍ കമ്ബനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ലൈസന്‍സുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഉണ്ടായ കല്ലുകടി കമ്ബനിയുടെ മുന്നോട്ട് പോക്കിനെ ബാധിക്കില്ലെന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ ആരംഭിക്കാനുള്ള കമ്ബനിയുടെ പദ്ധതികളെക്കുറിച്ച് സഞ്ജയ് ഭാര്‍ഗവ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് സ്പേസ് എക്സിന് 100 ശതമാനം ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി ഉണ്ടെന്നും കമ്ബനിക്ക് ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കാനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.