ദില്ലി: കർഷക സമരം (Farmers Protest) തുടരാൻ കിസാൻ സംയുക്ത മോർച്ചയുടെ (Samyukt Kisan Morcha) യോഗത്തിൽ തീരുമാനമായി. അടുത്ത ചൊവ്വാഴ്ച വീണ്ടും കർഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെൻറെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.
















