ഇടുക്കി: മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും ഇന്നലെ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കി. പുതിയ ഡാം പണിത് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ 24 മണിക്കൂർ ഉപവാസം തുടങ്ങി. വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയായി കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും കുറച്ചു. ഇടുക്കിയിലെ ജലനിരപ്പ് 2400.82 അടിയിലേക്ക് ഉയർന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് ഉപവാസം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിന് വിവിധ തരത്തിലുള്ള സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

















