തിരുവനന്തപുരം: ജനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വരുന്നത് ഔദാര്യത്തിനല്ലെന്നും അവകാശം നേടാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘനാൾ വാതിൽ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്നും അത്തരക്കാർ പോകുന്നത് വേറെ ഇടത്താകുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി അനുവദിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവരും ഇത്തരക്കാരല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി ജീവനക്കാരെ വിമർശിച്ചത്. മറിച്ച് ചിന്തിക്കുന്ന ആളുകളുണ്ട്. അവരിൽ തിരുത്തൽ വേണം. ദീർഘകാലമായും വാതിലിൽ മുട്ടിയിട്ട് തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ചിലരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആ ഉദ്ദേശ്യത്തോടെ കസേരയിൽ ഇരിക്കണ്ട. അത്തരക്കാർ പോകുന്നത് വേറെ ഇടത്താവും. അഴിമതി അനുവദിക്കരുത്. പലർക്കും തൊഴിൽ നൽകുന്നവർ ആവശ്യങ്ങളുമായി വരുമ്പോൾ തടസം നിൽക്കരുത്. നിങ്ങൾ കസേരകളിൽ ഇരിക്കുന്നത് ജനങ്ങളെ സഹായിക്കാനാണ്. സംഘടനാ സമ്മേളനങ്ങളിൽ ഇത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

















