തിരുവനന്തപുരം: ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സർക്കാർ ഇന്ന് പുറത്ത് വിട്ടേക്കും. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. അയ്യായിരത്തോളം അധ്യാപകർ ഇനി വാക്‌സിൻ എടുക്കാൻ ബാക്കിയുണ്ടെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
നിലവിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണം മാത്രമാകും പുറത്ത് വിടുക എന്നാണ് സൂചന. വാക്‌സിനെടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. രാവിലെ ഒൻപത് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തുന്ന പത്രസമ്മേളനത്തിലൂടെയാകും വിവരങ്ങൾ പുറത്ത് വിടുക.

















