ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ‘ജവാദ് ‘ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിലാണ് കര തൊടുക. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
വടക്കന്‍ ആന്ധ്രാപ്രദേശ്- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 95 ട്രെയിനുകള്‍ റദ്ദാക്കി.
കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ലെങ്കിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
















