പൂനെ: 2022 ജനുവരി ഒന്ന് മുതല്‍, എടിഎം കാര്‍ഡ് നമ്ബര്‍, കാലഹരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നിലവിലെ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്കും (പിഎ), പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും (പിജി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ ഗൂഗിള്‍ പാലിക്കേണ്ടതായതിനാലാണിത്.
സബ്സ്ക്രിപ്ഷന് അധിഷ്ഠിത സേവനങ്ങള്‍ക്കായി പ്രതിമാസം തുക അടയ്ക്കുന്നതിനായി നിരവധി ഉപയോക്താക്കള്‍ ഗൂഗിള്‍ വര്‍ക്ക്, ഗൂഗിള്‍ പ്ലെ അക്കൗണ്ടുമായി എടിഎം കാര്‍ഡ് നമ്ബര്‍ ലിങ്ക് ചെയ്തിട്ടുണ്ട്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കാര്‍ഡ് സ്റ്റോറേജ് റെഗുലേഷന് മൂലമാണ് മാറ്റങ്ങള്‍.
ജനുവരി ഒന്ന് മുതല്‍ കാര്‍ഡ് വിതരണക്കാര്‍ക്കും കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും വിശദാശംങ്ങള്‍ സൂക്ഷിക്കാം. എന്നാല്‍ ഒരു സ്ഥാപനമോ വ്യാപാരിയോ കാര്‍ഡ് വിശദാംശങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡ് ഓണ്‍ ഫയല്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദ്ദേശിച്ചിട്ടണ്ട്.
2022 ജനുവരി ഒന്ന് മുതല്‍, കാര്‍ഡ് വിതരണക്കാരും കാര്‍ഡ് നെറ്റ്വര്‍ക്കുകളും ഒഴികെ കാര്‍ഡ് ഇടപാടിലോ പേയ്മെന്റ് ശൃംഖലയിലോ ഉള്ള ഒരു സ്ഥാപനവും യഥാര്‍ത്ഥ കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല. അത്തരത്തില്‍ സൂക്ഷിച്ചിരിക്കും വിശദാംശങ്ങള്‍ നീക്കം ചെയ്യണം, ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പല ബിസിനസ് മേഖലകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ് വര്‍ക്ക് അക്കൗണ്ടുകള്‍ എന്നിവയുടെ സബ്സ്ക്രിപ്ഷന് പുതുക്കുന്നതിനായി കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നവര്‍ പ്രശ്നങ്ങള്‍ നേരിടാനിടയുണ്ട്.
എന്നിരുന്നാലും, ഉപയോക്താവിന്റെ അംഗീകാരത്തോടെ അവര്‍ക്ക് ആര്‍ബിഐ നിയന്ത്രണങ്ങള്‍ പാലിക്കുന്ന ഒരു ഫോര്‍മാറ്റില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. കാര്‍ഡിന്റെ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡിസംബര്‍ 31 ന് ശേഷം പെയ്മെന്റുകള്‍ നടത്തുന്നത് തുടരുന്നതിനായി നിലവിലെ മാസ്റ്റര്‍കാര്‍ഡ്/വിസ അല്ലെങ്കില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലെ വിശദാംശങ്ങള്‍ വീണ്ടും നല്‍കേണ്ടി വരുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. ജനുവരി ഒന്നിന് മുന്‍പായി ഒരു തവണയെങ്കിലും മുഴുവന്‍ വിശദാംശങ്ങളും അല്ലാതെ തന്നെ നല്കി പെയ്മെന്റ് നടത്തണമെന്നും ഗൂഗിള്‍ അറിയിച്ചു.
“നിങ്ങള്‍ ഇങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങളുടെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെടും. വീണ്ടും ഉപയോഗിക്കുന്നതിനായി കാര്‍ഡിന്റെ വിശദാംശങ്ങള്‍ വീണ്ടും നല്‍കേണ്ടിവരും,” കമ്ബനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രുപെ, അമേരിക്കന്‍ എക്സ്പ്രസ് , ഡിസ്കവര് , ഡൈനേര്‍സ് കാര്‍ഡ് തുടങ്ങിയവയുടെ കാര്യത്തിലും കമ്ബനി വ്യക്തത നല്‍കിയിട്ടുണ്ട്. “ഇത്തരം കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ സൂക്ഷിക്കില്ല. പുതിയ ഫോര്‍മാറ്റ് പിന്തുണ നല്‍കാത്ത സാഹചര്യത്തിലാണിത്. ജനുവരി ഒന്ന് മുതല്‍ ഒരോ തവണ പെയ്മെന്റ് നടത്തുമ്ബോഴും കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടി വരും”, ഗൂഗിള്‍ അറിയിച്ചു.
പുതിയൊരു ടോക്കണ്‍ സിസ്റ്റവും ഗൂഗിള്‍ പരിചയപ്പെടുത്തുന്നു. “ടോക്കണ്‍” എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് ഉപയോഗിച്ച് യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയാണിത്. ഇത് ഓരോ ഉപയോക്താക്കള്‍ക്കും വ്യത്യസ്തമായിരിക്കും. കാര്‍ഡ് നമ്ബറുകളും സിവിവിയും പോലുള്ള കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിടുന്നതിലൂടെ സംഭവിക്കുന്ന തട്ടിപ്പുകള്‍ ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.