ചെന്നൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി തമിഴ്‌നാട് സർക്കാർ. പുതുക്കിയ മാനദണ്ഡങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനാനുമതിയില്ല.
കേന്ദ്ര സർക്കാർ ഹൈ-റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും തമിഴ്‌നാട്ടിലേയ്‌ക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഈ യാത്രക്കാരുടെ പരിശോധന ഫലം ലഭിക്കുന്നത് വരെ ഇവർ വിമാനത്താവളങ്ങളിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ ഫലം ലഭിക്കുന്നത് വരെ യാത്രക്കാരെ നിരീക്ഷിക്കാനും വിമാനത്താവളത്തിലെ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി.
ഹൈ-റിസ്‌ക് രാജ്യങ്ങൾക്ക് പുറമെ, സംസ്ഥാനത്തെത്തുന്ന മറ്റ് യാത്രക്കാരും കോവിഡ് പരിശോധനയ്‌ക്ക് വിധേയരാവണം. വിമാനത്താവളവും സമീപ പ്രദേശങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, നിയമങ്ങൾ കർശമാക്കുകയും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിനുപുറമെ, വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിലക്കുന്നതിലൂടെ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവർക്കിടയിൽ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. കന്യാകുമാരിയിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് മദ്യം നൽകരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങൾ സംസ്ഥാനമൊട്ടാകെ കൊണ്ടുവരുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
















