ന്യൂഡൽഹി: ഡാം സുരക്ഷാ ബില്ല് രാജ്യ സഭ പാസാക്കി. രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ഇന്ത്യയിലെ നിര്‍ദ്ദിഷ്ട ഡാമുകളുടെ നിരീക്ഷണം, പരിശോധന, പ്രവര്‍ത്തനം, പരിപാലനം എന്നിവ ഒരു നിയന്ത്രണ സമിതിയുടെ മേല്‍നോട്ടത്തിലാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു
രാജ്യത്തുടനീളമുള്ള എല്ലാ അണക്കെട്ടുകൾക്കും ഏകീകൃത സുരക്ഷാ നടപടിക്രമങ്ങൾ വികസിപ്പിക്കാൻ ബിൽ ലക്ഷ്യമിടുന്നു. മൂന്ന് വട്ടം ലോക്സഭയിൽ എത്തിയ ശേഷമാണ് ബിൽ രാജ്യസഭയിലേക്ക് എത്തുന്നത്.
നേരത്തെ ലോക്‌സഭ പാസാക്കിയ ബിൽ, ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയിരിക്കുന്നത്. രാജ്യത്തെ അയ്യായിരത്തോളം അണക്കെട്ടുകൾ ഇതോടെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാകും.
2010 ആഗസ്റ്റിൽ യുപിഎ സർക്കാരാണ് ബിൽ ആദ്യമായി പാര്‍ലമെന്റിലെത്തിച്ചത്. 15 മീറ്ററിൽ കൂടുതൽ ഉയരവും 500 മീറ്ററിൽ അധികം നീളവുമുള്ള അണക്കെട്ടുകളാണ് ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിയുടെ കീഴിൽ വരിക. ഇതിനോടൊപ്പം വിദഗ്ധ സമിതിയും സംസ്ഥാന സമിതികളും രൂപീകരിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണ വിഷയത്തിൽ അടക്കം നിര്‍ണായകമായേക്കാവുന്ന ബില്ലാണിത്. കേരളത്തിലെ 50 ഓളം ഡാമുകളും കേന്ദ്രത്തിന്റെ കീഴിൽ വരും. മുല്ലപ്പെരിയാർ അണക്കെട്ടിനായി സുപ്രീം കോടതി മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നതിനാൽ ഇത് കേന്ദ്രത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സുപ്രീം കോടതി അനുമതി നൽകണം. പ്രതിപക്ഷ നേതാക്കളുടെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ബിൽ പാസാക്കിയത്.
















