കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല എന്ന് സിപിഐഎം. ഏത് അന്വേഷണവും സ്വീകാര്യമാണ്. സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. സിബിഐ കണ്ടെത്തലുകള്‍ തള്ളിയ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും വ്യക്തമാക്കി.
സിപിഎം വിരുദ്ധചേരി നടത്തുന്ന പ്രചരണമാണിത്. രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കി. പാർട്ടി സഖാക്കന്മാരെയും നേതാക്കന്മാരെയും പ്രതികൾ ആക്കിയാൽ പാർട്ടി കയ്യുംകെട്ടി നോക്കി നിൽക്കണോ. നിയമപരമായി കൂടെ നിൽക്കും. കൊല നടന്ന കല്യോട്ട് ഉൾപ്പെടുന്ന ഉദുമ മണ്ഡലത്തിൽ സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയെന്നും എം വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഒരു കാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഐഎം നേടിയത്. പെരിയ സംഭവം നടന്ന കല്യോട്ട് അടക്കമുള്ള വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിനൊപ്പമാണ്. സിപിഐഎം ആണ് കൊലയാളികള്‍ എങ്കില്‍ ജനങ്ങള്‍ വോട്ടുചെയ്യുമായിരുന്നോ? മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. അന്വേഷണത്തില്‍ ഭയമില്ലെന്നും ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിൻ്റെ അച്ഛന് കൃഷ്ണൻ പറഞ്ഞു. പെരിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എയും കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. കേസില്‍ ഇരുപതാം പ്രതിയാണ് കെ വി കുഞ്ഞിരാമന്.
കഴിഞ്ഞ ദിവസം കേസില്‍ സിബിഐ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഈ അഞ്ചുപ്രതികളും കൊലപാതക കേസില്‍ ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്തിയവര്‍ക്ക് ആയുധം എത്തിച്ചുനല്‍കി. ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ ഇതിന് തെളിവാണെന്നാണ് സിബിഐ കണ്ടെത്തല്‍. കെ വി കുഞ്ഞിരാമന് കൃത്യം നടത്തിയവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കി.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.